ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ താലൂക്കിൽ നോർത്ത് പറവൂർ ബ്ളോക്ക് പരിധിയിൽ വടക്കേക്കര, പറവൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പഞ്ചായത്തിന്റെ വിസ്തീർണ്ണം 9.45 ച.കി.മീറ്ററാണ്. ചിറ്റാറ്റുകര പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് - ചേന്ദമംഗലം, കരുമാല്ലൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് പള്ളിപ്പുറം പഞ്ചായത്ത്, തെക്ക് പറവൂർ മുനിസിപ്പാലിറ്റി, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകൾ വടക്ക് വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ എന്നിവയാണ്. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വടക്കേക്കര വില്ലേജിന്റെ പകുതിയും പറവൂർ താലൂക്കിന്റെ പകുതിയും ചേർന്ന ഒരു ചെറിയ പഞ്ചായത്താണ് ചിറ്റാറ്റുകര. വടക്കേക്കര വില്ലേജ് യൂണിയന്റെയും പറവൂർ വില്ലേജ് യൂണിയന്റെയും ഭാഗങ്ങൾ ചേർത്ത് 1953-ൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡന്റായിരുന്ന എ.വി.ഈപ്പന്റെ വസതി തന്നെയായിരുന്നു ആദ്യപഞ്ചായത്ത് ആഫീസ് അധികം വൈകാതെ മാച്ചാംതുരുത്ത് നായർ സമാജം നൽകിയ പത്തു സെന്റ് സ്ഥലത്ത് പഞ്ചായത്താഫീസ് പണിതു പഞ്ചായത്തിന്റെ രൂപീകരണ സമയത്ത് ഏകദേശം 100 ഓളം കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളു. അവർ കർഷകരും കർഷകതൊഴിലാളികളുമായിരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും കാട്ടു ചെടികൾ വളർന്ന് വിജനമായിരുന്നു. പെ പെരിയാറും കൈവഴികളും അതിരു പിടിപ്പിച്ച ഈ ഗ്രാമം ജലസമൃദ്ധമാണ്. 

ആറുകളായി ചുറ്റപ്പെട്ട പ്രദേശം എന്ന നിലയിലാണ് ചിറ്റാറ്റുകര രൂപപ്പെട്ടതാണെന്നാണ് പഴമക്കാരുടെ അറിവ് അതുവരെ നിലവിലിരുന്ന വില്ലേജ് യൂണിയനെ രണ്ടായി വിഭജിച്ചാണ് ചിറ്റാറ്റുകര-വടക്കേക്കര പഞ്ചായത്തുകൾ രൂപപ്പെടുത്തിയത്. വിഭജനശേഷം പരിശോധിച്ചപ്പോൾ പഞ്ചായത്തിനാവശ്യമായ ജനസംഖ്യ ചിറ്റാറ്റുകര പഞ്ചായത്തിനില്ലെന്ന് കണ്ട് പറവൂത്തറയെയും കൂടെ ചേർക്കുകയാണ് ചെയ്തത്. പെരിയാർ ഇരട്ടപെറ്റ രണ്ടു തുരുത്തുകളാണ് ചെറിയ പല്ലംതുരുത്തും വലിയ പല്ലംതുരുത്തും. ഈ രണ്ടു തുരുത്തുകളും പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. തുരുത്തിന്റെ തെക്കുനിന്നും വടക്കോട്ട് കിഴക്കേ അതിരിൽ തിരുവിതാംകൂർ-കൊച്ചി നാട്ടുരാജ്യങ്ങളെ വേർതിരിച്ചിരുന്ന അതിർത്തി കല്ലുകൾ (കൊ-തി കല്ലുകൾ) ഇപ്പോഴും കാണാം. 1979-ൽ പുനഃസംഘടിപ്പിക്കപ്പെട്ട പഞ്ചായത്തു സംവിധാനത്തിൽ ഈ രണ്ടു തുരുത്തുകളും രണ്ടു വാർഡുകളായി വിഭജിക്കപ്പെട്ടു. കേസരി എ.ബാലകൃഷ്ണപിള്ളയുടെ നാമധേയത്തിൽ പൂയ്യപ്പിള്ളിയിലുള്ള കേസരി എ.ബാലകൃഷ്ണപിള്ള വായനശാല അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ സ്ഥാപിച്ച ഇത്തരത്തിലുള്ള കേരളത്തിലാദ്യത്തെ വായനശാലയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഐ.ദാസും, വി.കെ.ഗോപാലനും, സാഹിത്യകാരനായ മേച്ചേരിൽ നീലകണ്ഠൻ മാസ്റ്ററും സാമൂഹ്യ പ്രവർത്തകനായ പണ്ടാരത്തറ ശ്രീധരനും പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്ത കനകമ്മയും ചിറ്റാറ്റുകരയുടെ സാമൂഹ്യ ചരിത്ര ചരിത്രത്തിലെ ശ്രദ്ധേയ നാമധേയങ്ങളാണ്.പാലിയം സമരത്തിന്റെ പ്രധാന സംഘാടക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടുത്തെ വലിയ പല്ലംതുരുത്ത്. ഭാസ്കര രവിവർമ്മയുടെ ഭരണ കാലഘട്ടത്തിലെ പ്രശസ്ത ആക്ഷേപ ഹാസ്യ കവിയായിരുന്നു ചിറ്റാറ്റുകരയിലെ തോലൻ.