സ്ഥാപന ചരിത്രം
എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ താലൂക്കിൽ നോർത്ത് പറവൂർ ബ്ലോക്ക് പരിധിയിൽ വടക്കേക്കര, പറവൂർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 9.45 ച.കി.മീറ്ററാണ്. ചിറ്റാറ്റുകര പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് - ചേന്ദമംഗലം, കരുമാല്ലൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് പള്ളിപ്പുറം പഞ്ചായത്ത്, തെക്ക് പറവൂർ മുനിസിപ്പാലിറ്റി, ഏഴിക്കര, കോട്ടുവള്ളി പഞ്ചായത്തുകൾ വടക്ക് വടക്കേക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ എന്നിവയാണ്. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വടക്കേക്കര വില്ലേജിന്റെ പകുതിയും പറവൂർ താലൂക്കിന്റെ പകുതിയും ചേർന്ന ഒരു ചെറിയ പഞ്ചായത്താണ് ചിറ്റാറ്റുകര. വടക്കേക്കര വില്ലേജ് യൂണിയന്റെയും പറവൂർ വില്ലേജ് യൂണിയന്റെയും ഭാഗങ്ങൾ ചേർത്ത് 1953-ൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡന്റായിരുന്ന എ.വി.ഈപ്പന്റെ വസതി തന്നെയായിരുന്നു ആദ്യപഞ്ചായത്ത് ആഫീസ്. അധികം വൈകാതെ മാച്ചാംതുരുത്ത് നായർ സമാജം നൽകിയ പത്തു സെന്റ് സ്ഥലത്ത് പഞ്ചായത്താഫീസ് പണിതു. പഞ്ചായത്തിന്റെ രൂപീകരണ സമയത്ത് ഏകദേശം 100 ഓളം കുടുംബങ്ങളേ ഇവിടെ ഉണ്ടായിരുന്നുള്ളു. അവർ കർഷകരും കർഷക തൊഴിലാളികളുമായിരുന്നു. ഭൂരിഭാഗം പ്രദേശങ്ങളും കാട്ടു ചെടികൾ വളർന്ന് വിജനമായിരുന്നു. പെരിയാറും കൈവഴികളും അതിരു പിടിപ്പിച്ച ഈ ഗ്രാമം ജലസമൃദ്ധമാണ്. ആറുകളായി ചുറ്റപ്പെട്ട പ്രദേശം എന്ന നിലയിലാണ് ചിറ്റാറ്റുകര രൂപപ്പെട്ടതാണെന്നാണ് പഴമക്കാരുടെ അറിവ്. അതുവരെ നിലവിലിരുന്ന വില്ലേജ് യൂണിയനെ രണ്ടായി വിഭജിച്ചാണ് ചിറ്റാറ്റുകര-വടക്കേക്കര പഞ്ചായത്തുകൾ രൂപപ്പെടുത്തിയത്. വിഭജനശേഷം പരിശോധിച്ചപ്പോൾ പഞ്ചായത്തിനാവശ്യമായ ജനസംഖ്യ ചിറ്റാറ്റുകര പഞ്ചായത്തിനില്ലെന്ന് കണ്ട് പറവൂത്തറയെയും കൂടെ ചേർക്കുകയാണ് ചെയ്തത്. പെരിയാർ ഇരട്ടപെറ്റ രണ്ടു തുരുത്തുകളാണ് ചെറിയപല്ലംതുരുത്തും വലിയപല്ലംതുരുത്തും. ഈ രണ്ടു തുരുത്തുകളും പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. തുരുത്തിന്റെ തെക്കുനിന്നും വടക്കോട്ട് കിഴക്കേ അതിരിൽ തിരുവിതാംകൂർ-കൊച്ചി നാട്ടുരാജ്യങ്ങളെ വേർതിരിച്ചിരുന്ന അതിർത്തി കല്ലുകൾ (കൊ-തി കല്ലുകൾ) ഇപ്പോഴും കാണാം. 1979-ൽ പുനഃസംഘടിപ്പിക്കപ്പെട്ട പഞ്ചായത്തു സംവിധാനത്തിൽ ഈ രണ്ടു തുരുത്തുകളും രണ്ടു വാർഡുകളായി വിഭജിക്കപ്പെട്ടു. കേസരി എ.ബാലകൃഷ്ണപിള്ളയുടെ നാമധേയത്തിൽ പൂയ്യപ്പിള്ളിയിലുള്ള കേസരി എ.ബാലകൃഷ്ണപിള്ള വായനശാല അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ സ്ഥാപിച്ച ഇത്തരത്തിലുള്ള കേരളത്തിലാദ്യത്തെ വായനശാലയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഐ.ദാസും, വി.കെ.ഗോപാലനും, സാഹിത്യകാരനായ മേച്ചേരിൽ നീലകണ്ഠൻ മാസ്റ്ററും സാമൂഹ്യ പ്രവർത്തകനായ പണ്ടാരത്തറ ശ്രീധരനും പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്ത കനകമ്മയും ചിറ്റാറ്റുകരയുടെ സാമൂഹ്യ ചരിത്ര ചരിത്രത്തിലെ ശ്രദ്ധേയ നാമധേയങ്ങളാണ്.പാലിയം സമരത്തിന്റെ പ്രധാന സംഘാടക കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഇവിടുത്തെ വലിയ പല്ലംതുരുത്ത്. ഭാസ്കര രവിവർമ്മയുടെ ഭരണ കാലഘട്ടത്തിലെ പ്രശസ്ത ആക്ഷേപ ഹാസ്യ കവിയായിരുന്നു ചിറ്റാറ്റുകരയിലെ തോലൻ.
സാമൂഹിക പശ്ചാത്തല ചരിത്രം
സംഘബോധമെന്ന തിരിച്ചറിവിലൂടെ 1947-ൽ ആരംഭിച്ച പാലിയം സമരവും എ.ജി.വേലായുധനെന്ന സമരഭടന്റെ രക്തസാക്ഷിത്വവും പഞ്ചായത്തിന്റെ ചരിത്ര ഭാഗമാണ്. സമര വളണ്ടിയർമാർ കേന്ദ്രീകരിച്ച സ്ഥലങ്ങളായിരുന്നു ഇവിടുത്തെ നീണ്ടൂർ, മാക്കനായി, വലിയപല്ലംതുരുത്ത് എന്നിവിടങ്ങൾ. 1954-ൽ കയർ തൊഴിലാളികളും തുടർന്ന് തെങ്ങുകയറ്റ തൊഴിലാളികളും സമരസജ്ജരായി. അതിന്റെ ഫലമായി അവർക്ക് കൂലി വർദ്ധന ലഭിച്ചു. 1971-ൽ നടന്ന മിച്ചഭൂമി സമരത്തോടുകൂടി വർഗബന്ധങ്ങളിൽ ഒരു പൊളിച്ചെഴുത്തു നടക്കുകയും ജന്മി-കുടിയാൻ ബന്ധങ്ങൾ അസ്തമിക്കുകയും ചെയ്തു. കർഷകരും, കർഷകതൊഴിലാളികളും, കൂലിപ്പണിക്കാരും പത്ത് സെന്റ് ഭൂമിയുടെ ഉടമകളായിത്തീർന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ചിറ്റാറ്റുകര പഞ്ചായത്തിന്റെ കൃഷിഭൂമിയുടെ ഭൂരിഭാഗവും വലിയ ഭൂവുടമകളുടെ കൈവശമായിരുന്നു. പറയത്തുവക കുടിയാന്മാർക്ക് കുടികിടപ്പുകാരന്റെ പുരയ്ക്കു സമീപമുള്ള ഒരു തെങ്ങിന്റെ ആദായമെടുക്കുന്നതിന് അനുവാദമുണ്ടായിരുന്നു. ഇതിന് പ്രതിഫലമായി കുടിയാന്മാർ പുരയിടത്തിന്റെ സൂക്ഷിപ്പും അതിനു പുറമേ വീട്ടിലുണ്ടാകുന്ന ചാരവും പശുവിന്റെ ചാണകവും തെങ്ങിൻ ചുവട്ടിൽ വളമായി നിക്ഷേപിക്കണമെന്നും ജന്മിയുടെ അനുവാദത്തോടെ നടത്തുന്ന കൃഷിയുടെ ഫലങ്ങളിൽ ഭൂരിഭാഗവും ജനമിയ്ക്ക് കാഴ്ച വെയ്ക്കണമെന്നുമായിരുന്നു നിയമം. ഓണം, വിഷു എന്നീ വിശേഷ ദിവസങ്ങളിൽ കുടിയാന്മാർ ജന്മിക്ക് ഏത്തവാഴക്കുല, ചേന, ചേമ്പ് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ കാഴ്ച നൽകണമെന്നത് നിർബന്ധമുള്ള കാര്യമായിരുന്നു. ഇതിന് പാരിതോഷികമായി ജന്മി കുടിയാന് മുണ്ടും പണവും നൽകുന്ന പതിവുണ്ടായിരുന്നു. പഞ്ചായത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് മന്നം സുബ്രഹ്മണ്യക്ഷേത്രം. പഴമയുടെ രഹസ്യങ്ങളുമായി ഈ പ്രദേശത്ത് നിലനില്ക്കുന്ന മറ്റൊരു ആരാധനാലയമാണ് ജാറം പള്ളി. ഇവിടുത്തെ മറ്റൊരു പ്രധാന ക്ഷേത്രമാണ് മാക്കനായി ക്ഷേത്രം. മാക്കനായി പ്രദേശത്തെ ഒരു ചരിത്ര മുദ്രയാണ് കോമൺകുളം അഥവാ കോങ്കുളം. ഒന്നര ഏക്കറോളം വരുന്ന ഈ കുളം രാജഭരണകാലത്ത് താഴ്ന്ന ജാതിക്കാർക്ക് കുളിക്കാൻ വേണ്ടി കുത്തിയതെന്നാണ് വിശ്വാസം. പുരാതന കാലത്ത് പറവൂർ നാട്ടുരാജ്യത്തിലെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പറയകാട്. വിദൂര ഭൂതകാലത്ത് ഏതാനും പറയകുടുംബങ്ങളെ ജന്മിയായിരുന്ന പാലിയത്തച്ഛൻ ഇവിടെ കുടിപാർപ്പിച്ചിരുന്നു എന്ന് പഴമക്കാർ പറയുന്നു. പാലിയം കോവിലകത്തേയ്ക്ക് ആവശ്യമുള്ള കുട്ട, മുറം, പനമ്പ് എന്നീ വീട്ടുപകരണങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടിയായിരുന്നു ഈ പഴയ കുടുംബങ്ങളുടെ കുടിയിരുത്തൽ. ഇതിന് കൂലിയായി പാലിയത്തു നിന്ന് ഇവർക്ക് നെല്ലും മറ്റ് ഭക്ഷ്യവസ്തുക്കളും ലഭിക്കുകയും ചെയ്തിരുന്നു. ഇന്നും ഇവിടെ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് ശീതങ്കൻ എന്ന പറയന് കലശം കൊടുക്കുന്ന ചടങ്ങ് നടന്നു വരുന്നു. പറയർ പാർത്തിരുന്ന ഗ്രാമം എന്ന നിലയ്ക്കായിരിക്കും പറയകാട് ഉണ്ടായിട്ടുണ്ടാകുക എന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തിയായ സ്റ്റേറ് കോൺഗ്രസ്സിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു പറയകാട്. ചരിത്രത്തിന്റെ ഭാഗമായി മാറിയ നിരവധി മനുഷ്യരെ പറയകാട് സംഭാവന ചെയ്തിട്ടുണ്ട്. ഭാസ്കര രവിവർമ്മയുടെ ഭരണ കാലഘട്ടത്തിലെ പ്രശസ്ത ആക്ഷേപ ഹാസ്യ കവിയായ തോലൻ ഈ ഗ്രാമവുമായി വളരെ അടുത്ത ബന്ധമുള്ളതായിട്ടാണ് പറയപ്പെടുന്നത്. 1840-കളുടെ കാലത്ത് കോവിലകത്ത് നിന്ന് കൊടുങ്ങല്ലൂർക്ക് പോകുന്നതിനു വേണ്ടി ഒരു ജലപാത നിർമ്മിക്കാൻ തോലനോട് കോവിലകത്തെ നേത്യാരമ്മ ആവശ്യപ്പെട്ടത്രേ. പാമ്പുപോകുന്ന രീതിയിലൊരു തോടെന്നാണ് തോലനോട് പറഞ്ഞത്. അതനുസരിച്ച് തോലനന്ന് നിർമ്മിച്ച തോടാണ് തോലൻ കുത്തിയ തോടെന്നാണ് പഴമൊഴി അന്ന് ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗം വേലൻ കടവായിരുന്നു. ഇവിടെ എക്സൈസ്, കസ്റ്റംസ് എന്നീ കരങ്ങൾ പിരിക്കുന്നതിനുവേണ്ടി ചൌക്ക പ്രവർത്തിച്ചിരുന്നു. വിവിധ കൈത്തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ പല ജാതിക്കാരായി അറിയപ്പെട്ടു. വസ്ത്രങ്ങൾ അലക്കുന്നവരെ വേലൻമാരെന്നും എണ്ണ ആട്ടുന്നവരെ ചക്കാലൻമാരെന്നും വിളിച്ചിരുന്നു.
സംസ്കാരിക ചരിത്രം
പ്രശസ്ത സാഹിത്യകാരനായ കേസരി എ.ബാലകൃഷ്ണപിള്ള ജീവിച്ചിരുന്ന സമയത്തു തന്നെ 1957-ൽ പൂയ്യപ്പിള്ളിയിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ ഒരു ലൈബ്രറി സ്ഥാപിച്ചു. ചിറ്റാറ്റുകരയിലെ പുരാതനമായ ഒരു ക്ഷേത്രമാണ് മങ്ങാട്ട് ഭഗവതി ക്ഷേത്രം. കേരളത്തിൽ കൊല്ലം ജില്ലയിൽ മങ്ങാട്ട് എന്ന സ്ഥലത്ത് ഏതാണ്ട് 800 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹം വേർപിരിഞ്ഞ് അതിലൊരു ശാഖ ചിറ്റാറ്റുകരയിൽ താമസമുറപ്പിച്ചെന്നാണ് പഴമക്കാർ പറയുന്നത്. അവർ തങ്ങളുടെ വീടിനടുത്ത് ആയോധനമുറകൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി ഒരു കളരി സ്ഥാപിച്ചു. പിന്നീട് ഈ കളരിയിലെ അഭ്യാസികൾ പറവൂർ തമ്പുരാന്റെ പടയാളികളായി പ്രവർത്തിച്ചുപോന്നു. അന്ന് കളരിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ കളരി വകയായിരുന്നു. പറവൂർ തമ്പുരാന്റെ കീഴിലുണ്ടായിരുന്ന ഒരു പ്രധാന നഗര പ്രദേശമായിരുന്നു പട്ടണം. പറവൂർ തമ്പുരാൻ എന്ന നാട്ടുരാജാവിന്റെ പട്ടാള ക്യാമ്പ് പട്ടണപ്രദേശത്തിന്റെ കിഴക്കു വടക്കു ഭാഗത്തുള്ള പടമഠം എന്ന സ്ഥലത്തായിരുന്നു. പടമഠത്തിനു കുറെ പടിഞ്ഞാറു മാറി കോവിലകത്തുംപറമ്പും അമ്മനാർ കോവിലും ഉണ്ടായിരുന്നു. പഠമഠത്തിന് ചുറ്റിലും ഒരു കോട്ടയും നിലനിന്നിരുന്നു. ഇങ്ങിനെയുള്ള ഈ പ്രദേശത്തിനെ പ്രകൃതിയുടെ കരുത്തായി വൻ വൃക്ഷങ്ങളും ഇല്ലിക്കാടുകളും നിറഞ്ഞ ഒരു കാടുമുണ്ടായിരുന്നു. പട്ടണത്ത് ധീവര സമുദായക്കാർ ഏറെപേർ താമസിക്കുന്നുണ്ട്. പട്ടണം രാജാവിന്റെ നാവിക പടയാളികളായിട്ടാണ് ധീവരർ ഇവിടെ താമസമുറപ്പിച്ചതെന്നാണ് പഴമക്കാർ പറയുന്നത്. പണ്ട് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ചിറ്റാറ്റുകര-വടക്കേക്കര പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും അഭയകേന്ദ്രമായരുന്നു പട്ടണം. പട്ടണത്തെ അതിപുരാതന തറവാടായ കല്ലറയ്ക്കൽ വീട് പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കല്ലറയ്ക്കൽ ഭവനം ശ്രീനാരായണഗുരുവിന്റേയും ചട്ടമ്പിസ്വാമികളുടേയും സംഗമ വേദിയായിരുന്നു. പട്ടണ പ്രദേശത്തിന്റെ പടിഞ്ഞാറു ഭാഗങ്ങൾ കൃഷിഭൂമിയായിരുന്നു. നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് കൃഷി സംരക്ഷണത്തിനു വേണ്ടി ഇപ്പോൾ ഇത്തിൽപറമ്പ് എന്നു പറയുന്ന സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്തായി വലിയ മൺമതിലുകൾ സ്യഷ്ടിച്ചിരുന്നു. പുഴകളാലും തോടുകളാലും ചുറ്റപ്പെട്ടുകിടന്നിരുന്ന ചിറ്റാറ്റുകര – ഗ്രാമപഞ്ചായത്തിന്റെയും സഞ്ചാരസ്ഥിതിയും ജലഗതാഗതത്തേയും കാൽനടയേയും ആശ്രയിച്ചായിരുന്നു ഇരുന്നിരുന്നത്. ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് വരെ ഉൾനാടൻ പ്രദേശങ്ങളിലെ പറമ്പുകളിൽ ആവശ്യമായ മണ്ണ്, ചെളി തുടങ്ങിയ മറ്റുസാമഗ്രികളും ഇറക്കിയിരുന്നത് വഞ്ചിയിൽക്കൂടെ ആയിരുന്നു. പറവൂരിനെ പല്ലംതുരുത്തുമായി ബന്ധിപ്പിക്കുന്ന തട്ടുകടവ് പാലം, ചിറ്റാറ്റുകരയെ വടക്കേക്കര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മാച്ചാംതുരുത്ത് പാലം എന്നിവ ഈ പ്രദേശത്തേയും സമീപ പ്രദേശത്തേയും ഗതാഗതം മെച്ചമാക്കി. അവർണ്ണരും സവർണ്ണരും അവരുടെ ഉപജാതികളും ഉൾപ്പെട്ട ഹിന്ദുക്കളുടെ 50 തോളം വിഭാഗങ്ങളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഇടകലർന്ന് താമസിക്കുന്ന ഗ്രാമത്തിൽ അവരുടെ മതപരമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും മതസൌഹാർദ്ദത്തിന്റെ ഐക്യവേദികളാവാറുണ്ട്. കോൽക്കളി, വിൽപ്പാട്ട്, കൈകൊട്ടിക്കളി, തിരുവാതിരക്കളി, ബാലെ എന്നീ രംഗങ്ങളിൽ പ്രാവീണ്യം നേടിയ പല കലാകാരൻമാരും പഞ്ചായത്തിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്.